
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ ഫരീദും, റബിന്‍സും ദുബായില്‍ അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതിയാണ് അറസ്റ്റിലായ ഫൈസല്‍. എന്‍.ഐ.എ വൃത്തങ്ങളാണ് യുഎഇ ഭരണകൂടം ഇവരെ അറസ്റ്റ് ചെയ്ത വിവരം വെളിപ്പെടുത്തിയത്. ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടിസ് അയച്ചു. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.
ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ അതു നിഷേധിച്ചുകൊണ്ട് ഇയാള്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ തന്നെയാണു പ്രതിയെന്ന് എന്‍ഐഎ സ്ഥിരീകരിച്ചപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസല്‍. ഇയാളുടെ തൃശൂരിലെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു.