
തിരുവനന്തപുരം: ലൈഫ് മിഷനില്‍ നടത്തുന്ന അന്വേഷത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമസഭയ്ക്കു നല്‍കിയ മറുപടി എത്തിക്‌സ് കമ്മിറ്റി 18ന് ചര്‍ച്ച ചെയ്യും. ഇ.ഡി നല്‍കിയ മറുപടി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് നിയമസഭാവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇ.ഡിയുടെ മറുപടിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. നിയമസഭാ സെക്രട്ടറിക്ക് പിന്നീടാണ് ഇ-മെയിലില്‍ മറുപടി ലഭിച്ചത്. മറുപടി ചോര്‍ന്നത് സഭയോടുള്ള അവഹേളനമായി മാത്രമേ കാണാനാകൂവെന്നാണ് വിലയിരുത്തല്‍.
അന്വേഷണത്തോട് സഹകരിക്കാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്നും അക്കാര്യത്തില്‍ നിയമസഭയോട് അനാദരവില്ലെന്നുമുള്ള ഇ.ഡി.യുടെ മറുപടി തൃപ്തികരമെങ്കില്‍ എത്തിക്‌സ് കമ്മിറ്റിക്ക് തുടര്‍ നടപടി അവസാനിപ്പിക്കാം. അല്ലെങ്കില്‍ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറെയും പരാതി നല്‍കിയ എം.എല്‍.എ.യെയും സമിതിമുമ്പാകെ വിളിച്ചുവരുത്താനുമാവും.
പരാതിയില്‍ ഇ.ഡി.യോട് വിശദീകരണം ചോദിക്കുക മാത്രമാണുണ്ടായതെന്നും അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ഇടപെട്ടിട്ടില്ലെന്നുമാണ് നിയമസഭാവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച ഇ.ഡി.യുടെ മറുപടി തിങ്കളാഴ്ച സമിതിക്ക് കൈമാറും.