

വർക്കല(വെട്ടൂർ) : ഹോമിയോ ആശുപത്രിയിൽനിന്നു കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ വെട്ടൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിന്നു കാലാവധി കഴിഞ്ഞ മരുന്ന് നൽകുന്നതായുള്ള പരാതി ലഭിച്ചിരുന്നതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പറഞ്ഞു. നേരിട്ടുചെന്ന് മരുന്നു വാങ്ങിയപ്പോൾ കാലാവധി കഴിഞ്ഞ മരുന്നാണ് ലഭിച്ചത്. തുടർന്നാണ് ഉപരോധം നടത്തിയത്. മുൻ വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അസിം ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ഷാലിബ്, വെട്ടൂർ ബിനു, ബിന്ദു, ലൈലാ രഘുനാഥൻ, നസീല, സോമരാജൻ, സലിം തുടങ്ങിയവർ സംസാരിച്ചു.

ആശുപത്രിക്ക് പുറകുവശത്ത് നശിപ്പിച്ചുകളയാനായി വച്ചിരുന്ന കാലാവധി കഴിഞ്ഞ മരുന്ന് പെട്ടികളിൽ നിന്നുള്ള മരുന്ന് കുപ്പികളാണ് പ്രതിക്ഷേധക്കാരുടെ കയ്യിലുണ്ടായിരുന്നതെന്നും, സമരം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഇതിനിടെ സ്ഥലത്തെത്തിയ സിപിഎം അംഗങ്ങളുമായി വാക്കുതർക്കവും കൈയേറ്റശ്രമവു മുണ്ടായി. ബഹളത്തിനിടെ പഞ്ചായത്ത് ഓഫിസ് ക്യാബിൻ ചില്ലുകൾ തകർന്നു. വർക്കല പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.


