
ആറ്റിങ്ങൽ : നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ ഓട്ടോറിക്ഷ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു. ദേശീയപാതയിൽ ആറ്റിങ്ങൽ എൽഐസി ഓഫീസിന് എതിർവശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. ആലംകോട് ഭാഗത്തേക്കുള്ള പാതയുടെ വശത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലാണ് ഇതേദിശയിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചുകയറിയത്. മീൻകയറ്റിവന്നതാണ് ഓട്ടോറിക്ഷ. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം ഉള്ളിലേക്ക് ഇടിച്ചുകയറി ഡ്രൈവർ കൊല്ലം ഉമയനല്ലൂർ ഷിബിൻമൻസിലിൽ ഷാജഹാൻ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി. യാത്രക്കാർ ഓടിക്കൂടിയെങ്കിലും ഷാജഹാനെ പുറത്തെടുക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഇവരെത്തി ഓട്ടോറിക്ഷയുടെ മുൻവശം യന്ത്രസംവിധാനങ്ങളുപയോഗിച്ച് അറുത്തുമാറ്റിയാണ് ഷാജഹാനെ പുറത്തെടുത്തത്. യാത്രക്കാരിയെയും ഷാജഹാനെയും വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.

